Sunday 19 January 2014

കന്നിക്കൊയ്ത്ത്


       കന്നിക്കൊയ്ത്ത്








കന്നിക്കൊയ്ത്ത്‌ 

പൊന്നുഷസ്സിന്റെ കൊയ്ത്തിൽനിന്നുരി-
ച്ചിന്നിയ കതിർ ചുറ്റും കിടക്കെ,
മേവി കൊയ്ത്തുകാർ പുഞ്ചയിൽ, ഗ്രാമ-
ജീവിതകഥാനാടകഭൂവിൽ.

കെട്ടിയ മുടി കച്ചയാൽ മൂടി,
ചുറ്റിയ തുണി ചായ്ച്ചൊന്നു കുത്തി,
വെറ്റില ചവ,ച്ചുന്മദമോളം 
വെട്ടിടുമരിവാളുകളേന്തി,
ഒന്നിച്ചാനമ്രമെയ്യോടേ നിൽപ്പു 
കന്നിപ്പാടത്തു കൊയ്ത്തുകാർ നീളെ ,
നൽപ്പുലർകാലപാടലവനിൽ 
ശുഭ്ര മേഘ പരമ്പരപോലെ !

"ആകെ നേർവഴി പാലിപ്പി,നാരും

ആനപോലെ കടന്നു കൊയ്യൊല്ലെ !"

"തഴ്ത്തിക്കൊയ്യുവിൻ, തണ്ടുകൾ ചേറ്റിൽ 

പൂഴ്ത്തിത്തള്ളെല്ലേ, നെല്ലു പൊന്നാണേ !"

"തത്തപൊലെ  മണിക്കതിർ മാത്രം 

കൊത്തിവയ്ക്കൊലാ നീ കൊച്ചു പെണ്ണേ !"

"കൊയ്യുവാനോ നീ വന്നതു, കൊള്ളാം.

'കൊഞ്ചുകാളാഞ്ചി' മീൻ പിടിപ്പാനോ?" 

"നീട്ടിയാൽ പോര , നവുകൊണ്ടേവം ,

നീട്ടിക്കൊയ്യണം നീയനുജത്തി!"

"കാതിലം കെട്ടാൻ കൈ വിരുതില്ലേ ?

നീ തലക്കെട്ടു കെട്ടിയാൽ പോരും."


ചെമ്മിൽ ച്ചെങ്കതിർ ചേർത്തരിഞ്ഞേവം 

തമ്മിൽ പേശുന്നു കൊയ്യ്‌ത്തരിവാൾകൾ.


പാടുവാൻ വരുന്നീലവ,ർക്കെന്നാൽ

പാരമുണ്ടു പയ്യാരങ്ങൾ ചൊൽ വാൻ.
തെങ്ങണിത്തണലാർന്നിവർ തീര-
ത്തങ്ങു കൂടിക്കഴിഞ്ഞിടും ഗ്രാമം,
നിത്യവും ജീവിതം വിതയേറ്റി 
മൃത്യു  കൊയ്യും വിശാലമാം പാടം.
തത്ര കണ്ടിടാം കൊയ്തതിൻ  ചാമ്പൽ-
ക്കുത്തിലേന്തിക്കുളുർത്ത ഞാർക്കുട്ടം  
അത്തലിൻ കെടുപായലിൻ മീതേ -
യുൾത്തെളിവിന്റെ നെല്ലിപ്പൂന്തോട്ടം 

ചുഴെയെത്തുന്ന  രോഗദാരിദ്ര്യ -

ച്ചാഴി യൂറ്റി ക്കുടി ച്ചതിൻ  കോട്ടം;
ചേം ചെറു മണി കൊത്തിടും പ്രേമ-
പ്പഞ്ചവർണ്ണക്കിളിയുടെയാട്ടം !
എത്രവാര്ത്തകളുണ്ടിതെപ്പറ്റി -
ക്കൊയ്ത്തു കാരുടെയിപ്പഴമ്പായിൽ !

**** **** ***** ***** ***** ********** *


കന്നിനെല്ലിനെയോമനിച്ചെത്തി-

യെന്നോടോതി സദാഗതി വായു :

" നിർദ്ദയം മെതിച്ചീ വിളവുണ്മാൻ 

മൃത്യു വിന്നേകും ജീവിതം പോലും 
വിത്തോരി ത്തിരി വയ്ക്കുന്നു , വീണ്ടും 
പത്തിരട്ടി യായ്  പൊൻ  വിളയിപ്പാൻ .
കന്നിനാളിലെക്കൊയ്ത്തിനു വേണ്ടി 
മന്നിലാദിയിൽ നട്ട വിത്തെല്ലാം 
പൊന്നലയലച്ചെത്തുന്നു, നോക്കു ,
പിന്നെയെത്രയോ കൊയ്ത്തുപാടത്തിൽ !
ഹാ , വിജിഗീഷു മൃത്യു വിന്നാമോ 
ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ?"

**************************************

                     ( വൈലോപ്പിള്ളി ശ്രീധരമേനോൻ )

" "കൊയ്ത്തിനെ ഒരുത്സവമാക്കുന്ന പ്രകൃതിയുടെ പ്രസാദാത്മകതയെ മൃത്യുവിന്റെ ധാഷ്ട്യത്തിന്ന്മുകളിൽ ജീവിതാസക്തിയുടെ വിജയമായി ചിത്രീകരിച്ചിരിക്കുന്നു.


 അത്തലിൻ കൊടും പായലിനുമുകളീൽ ചാമ്പലായകുറ്റിയിൽ നിന്നും മുളച്ചുപൊന്തുന്ന പ്രതീക്ഷയുടെ മുകുളങ്ങൾ രോഗദാരിദ്ര്യചാഴിയൂറ്റിക്കുടിച്ചതിന്റെ കോട്ടത്തിനും കതിർകൊത്തിപറക്കുന്ന പ്രേമപഞ്ചവർണ്ണക്കിളിയുടെ ആട്ടത്തിനും തോൽപ്പിക്കാനാവാത്ത ജീവിതവാഞ്ഛയെ വാഴ്ത്തുന്ന കാവ്യം.


 ഓരോകൊയ്ത്തും അടുത്തവിത്തിറക്കത്തിനാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. അതുകൊണ്ട കൊയ്ത്തിനെ (മരണത്തെ) ഉത്സവമാക്കാൻ കവി ക്ഷണിക്കുന്നു."






കവിത കേൾക്കാം .............





അർത്ഥം കണ്ടെത്താം .........


1,മേവി         =   See Answer:          
2 ,പുഞ്ച        =  See Answer:            
3 ,കച്ച          =  See Answer:
4 ,ഉന്മദം       = See Answer:
5 ,ആനമ്രം    = See Answer:
6 ,പാടലം      = See Answer:
7 ,ശുഭ്രം         = See Answer:
8 ,പേശുന്നു   = See Answer:
9 ,പാരം         =  See Answer:
10 ,തത്ര         =  See Answer:
11,അത്തൽ   = See Answer:
12 ,നെല്ലിപ്പു    = See Answer:
13 ,കളാഞ്ചി    = See Answer:


14 ,വിജിഗീഷു  = See Answer:

1, ചിന്നിയ കതിര്‍ =
See Answer:
2,ജീവിതകഥാനാടകഭൂവില്‍ =
See Answer:
3,കൊഞ്ചുകാളാഞ്ചിമീന്‍  =
See Answer:
4,കാതിലം  =
See Answer:
5.നീ തലക്കെട്ടു  =
See Answer:
6,കൊയ്ത്തരിവാള്‍കള്‍  =
See Answer:
7,പയ്യാരങ്ങള്‍  =
See Answer:
7, കൊയ്തതിന്‍ ചാമ്പല്‍  =
See Answer:
8,ചെഞ്ചെറുമണി  =
See Answer:
9,ഇപ്പഴമ്പായില്‍ =
See Answer:
10,പൊന്നലയലച്ചെത്തുന്നു =
See Answer:


പഠനപ്രവർത്തനങ്ങൾ

1 'കന്നിക്കൊയ്ത്ത്' - കവിതാ ഭാഗത്തിന് ഒരു ആസ്വാദനക്കുറിപ്പ്‌  തയ്യാറാക്കുക;-- .

    ആസ്വാദനക്കുറിപ്പ്‌  തയ്യാറാക്കുമ്പോൾ,
       *  കവിയെക്കുറിച്ചും  കൃതിയെക്കുറി ച്ചും രേഖപ്പെടുത്തണം.
       *  കവിതയുടെ ആശയം രേഖപ്പെടുത്തണം.
       *  ആശയത്തെ വ്യത്യസ്ത കാഴ്ച്ചപ്പാടിൽ വിലയിരുത്തണം.
       *  കവിതയെ മനോഹരമാക്കുന്ന പ്രയോഗങ്ങൾ കണ്ടെത്തണം.
       *  അനുയോജ്യമായ ഉദാഹരണങ്ങൾ കവിതയിൽ നിന്നോ മറ്റു കവിതകളിൽ നിന്നോ    
           ഉപയോഗിക്കണം
       *  ആകർഷണീയമായ ഭാഷയിൽ അവതരിപ്പിക്കണം
മലയാളത്തിൽ എഴുതാൻ ഇവിടെ ക്ലിക്ക് ചെയ്യുക.(CLICK). എഴുതിക്കഴിഞ്ഞ് അവ comment ഭാഗത്ത്  കോപ്പി - പേസ്റ്റ് ചെയ്യുക. അയക്കുക . 

No comments:

Post a Comment